01:07pm 04 November 2026
NEWS
മൊബൈൽ സെൻസസ്
03/11/2026  08:46 PM IST
ഹരീഷ് ആർ നമ്പൂതിരിപ്പാട്‌
മൊബൈൽ സെൻസസ്

റിട്ടയർമെന്റാകാൻ വെറും പത്തുമാസം ബാക്കിയുള്ളപ്പോഴാണ് രാഘവൻ മാഷിന്റെ തലയിലേക്ക് ഇടിത്തീ വന്നുവീണത്, 'സെൻസസ് ഡ്യൂട്ടി.' മുണ്ടുമടക്കിക്കുത്തി ക്ലാസിലെ ബ്ലാക്ക്‌ബോർഡിനുമുന്നിൽ മാത്രം ഓടി നടന്ന് ശീലിച്ച മാഷിന്, പെട്ടെന്നൊരു ദിവസം പരിശീലനക്ലാസ്സിൽ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കുന്നു.
മൊബൈൽ ഫോൺ ഉപയോഗം കാര്യമായിട്ട് ശീലമില്ലാത്ത മാഷിന് മൊബൈലിൽ പൂരിപ്പിക്കാനുള്ള കുറേ ചോദ്യാവലികളും നിർദ്ദേശങ്ങളും കണ്ടപ്പോൾത്തന്നെ തലകറങ്ങി.

പരിശീലനത്തിന് ചെന്നാൽ പഴയ പരിചയക്കാരെ കാണാം എന്നൊരു സുഖവും ഉണ്ടായിരുന്നു. ചായ, ചോറ് ഒന്നിനും കുറവില്ല.
അവിടെ എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ കേട്ടു. എങ്കിലും മാഷ് അതെല്ലാം കൃത്യമായി കുറിച്ചെടുത്തു മനസ്സിലാക്കിപ്പഠിച്ചു.
 തുടക്കത്തിൽ മാഷ് കരുതി, 'ഇതൊക്കെ എന്ത്? നാട്ടുകാരെക്കണ്ട് വിശേഷംചോദിച്ച്, വീട്ടുനമ്പർ എഴുതിപ്പോരുന്ന ഒരു സിമ്പിൾ പരിപാടി.' 
പക്ഷേ, മാഷിന് അനുവദിച്ചു കിട്ടിയ അഞ്ചാംവാർഡിന്റെ ഭൂമിശാസ്ത്രം കണ്ടപ്പോഴാണ് പുള്ളിക്കാരന് കാര്യം മനസ്സിലായത്.
ചിലയിടത്ത് കുത്തനെകയറ്റം, മറുവശത്ത് പാതാളംപോലെയുള്ള വലിയ ഇറക്കം! അതിനിടയിൽ ദാ പെയ്യുന്നു മിഥുനമാസത്തിലെ പെരുമഴ.
 മഴവീണ് തെന്നിനിൽക്കുന്ന പാറപ്പുറങ്ങളിലൂടെ മാഷ് നടക്കുകയല്ല, ശരിക്കും സർക്കസ് കളിക്കുകയായിരുന്നു. കാടും പടലും വെട്ടി മുന്നേറേണ്ട കാട്ടുപ്രദേശങ്ങളിലൂടെ പോകുമ്പോൾ മാഷിന് സ്വയം ഒരു 'ഡിസ്‌കവറി ചാനൽ' അവതാരകനായി തോന്നി.

ആ്വ്യത്തെ ദിവസം രാവിലെ കുറച്ചു ദൂരം നടന്നപ്പോൾ പഴയ കുറച്ചു ശിഷ്യന്മാരെയും പരിചയക്കാരെയും കണ്ട്, മാഷ് സന്തോഷത്തോടെ പരിചയംപുതുക്കി. 'ആഹാ, മാഷല്ലേ ഇത്? ചായ കുടിച്ചിട്ടേ പോകാവൂ...' എന്നൊക്കെ കേട്ടപ്പോൾ മാഷിന്റെ നെഞ്ച് തുടിച്ചു. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അടുത്തൊരു വലിയ വീടിന്റെ മുന്നിലെത്തി. ഗേറ്റിൽ ആരെയും കണ്ടില്ല. മാഷ് ബാഗിൽനിന്ന് പാർക്കർ പേന എടുത്ത് ഗേറ്റ് തുറന്ന് അകത്തേക്ക് കയറാൻ ആഞ്ഞു... 'ബർക്കു്... വൊൗ വൊൗ!!' ദാ, വരുന്നു ഒരു ജർമ്മൻ ഷെപ്പേർഡ്! ചങ്ങലയൊക്കെ പൊട്ടിച്ച് മാഷിനെ ലക്ഷ്യമാക്കി ഒരൊറ്റ പ്പാച്ചിൽ. ഭയംകൊണ്ട് മാഷിന്റെ തൊണ്ട വരണ്ടു. കൈയിലിരുന്ന സെൻസസ് ഫയൽ വായുവിൽ വീശി മാഷ് ഒറ്റ നിലവിളി: 'എടാ... ഞാനാടാ നിന്റെ യജമാനന്റെ രാഘവൻ മാഷ്...' നായ്ക്ക് എവിടുത്തെ മാഷ്! ഭാഗ്യത്തിന് വീടിന്റെ വശത്തുനിന്ന് പണിക്കാരൻ ഓടിവന്ന് അതിനെ പിടിച്ചുമാറ്റിയതുകൊണ്ട് മാഷിന്റെ മുണ്ടിൽ ഭൂപടം തെളിഞ്ഞില്ല. 

മാഷ് വിറയ്ക്കുന്ന കൈകൾകൊണ്ട് ഗേറ്റിനു പുറത്ത് 'നമ്പർ 102' എന്ന് മാർക്ക് ചെയ്യുമ്പോൾ ഒരൊറ്റ പ്രതിജ്ഞയെടുത്തു: 'ഇനി ആരെങ്കിലും വന്ന് വിളിക്കാതെ ഒരു ഗേറ്റും തുറക്കില്ല!'

അടുത്ത ലക്ഷ്യം കുറച്ചകലെക്കാണുന്ന ഒരു വീടായിരുന്നു. പക്ഷേ, അങ്ങോട്ടുള്ള വഴി കണ്ട മാഷ് ഞെട്ടി. വീടും പരിസരവും കാടുപിടിച്ച്, ജനലുകളൊക്കെ തകർന്ന് കൃത്യം 'ഭാർഗവീനിലയം' സിനിമയിലെ പ്രേതാലയംപോലെ കിടക്കുന്നു. ഉച്ചവെയിലത്തുപോലും അങ്ങോട്ട് നോക്കാൻ ഭയം തോന്നും. ഉള്ളിൽ ഭയമുണ്ടെങ്കിലും ഡ്യൂട്ടിയല്ലേ, മാഷ് പതിയെ വിളിച്ചു: 'ആരെങ്കിലുമുണ്ടോ...?' പെട്ടെന്ന് കാടിനുള്ളിൽനിന്ന് ഒരനക്കം! മാഷ് പേടിച്ച് കണ്ണടച്ചു പ്രാർത്ഥിച്ചു. നോക്കുമ്പോൾ അതാ കാടുവെട്ടി തെളിച്ച് അഞ്ച് അന്യസംസ്ഥാന ത്തൊഴിലാളികൾ പുറത്തേക്ക് വരുന്നു! ആകെ ആശ്വാസമായി. ചോദിച്ച ചോദ്യങ്ങൾ അവർക്കും അവർ പറഞ്ഞത് മാഷിനും മനസ്സിലായില്ല. അവർക്ക് മലയാളം അറിയില്ല, മാഷിന് ഹിന്ദിയും അറിയില്ല. . ഗൃഹനാഥന്റെ പേര് ചോദിച്ചപ്പോൾ അവർ പരസ്പരം നോക്കി 'ഭായ്... ഭായ്...' എന്ന് വിളിക്കുന്നു. ഒടുവിൽ ആംഗ്യഭാഷയിലൂടെയും തബല ഡാൻസിലൂടെയും അവരുടെ വിവരങ്ങൾ ശേഖരിച്ച് മാഷ് അവിടെ നിന്നും തലയൂരി.

അവിടുന്ന് മുന്നോട്ട് പോയപ്പോൾ പിന്നെ ആളൊഴിഞ്ഞ കുറെ സ്ഥലങ്ങളാണ്. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന റബ്ബർ തോട്ടങ്ങൾ. മനുഷ്യന്റെ ഒച്ചയനക്കമില്ല. കുറേ നടന്നപ്പോൾ ഒരു വീട്ടിൽ പ്രായമായ ഒരമ്മൂമ്മ മാത്രം ഇരിക്കുന്നു. ചെവി അല്പം മന്ദമാണ്. മാഷ് തൊണ്ടപൊട്ടി ചോദിച്ചു: 'അമ്മൂമ്മേ, വീട്ടിൽ എത്ര പേരുണ്ട്?' അമ്മൂമ്മ തിരിച്ചു ചോദിച്ചു: 'ഏതാ, റേഷൻ കടയിലെ കുട്ടിയാണോ?' മാഷ് വീണ്ടും ഉറക്കെ പറഞ്ഞു: 'അല്ല അമ്മൂമ്മേ, സെൻസസ്! ജനസംഖ്യ കണക്കെടുക്കാൻ വന്നതാ!' അപ്പോൾ അമ്മൂമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു: 'എടാ ശശീ... ദാ ആരോ ചക്ക വാങ്ങാൻ വന്നിരിക്കുന്നു.' മാഷ് അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

അതുകഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ മാഷിന്റെ ചോരയൊന്ന് മരവിച്ചു. മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഒരു പൊതുശ്മശാനം! ചുറ്റും നോക്കിയപ്പോൾ വിജനമായ പ്രദേശം. വിളിച്ചുകൂവിയാൽ കേൾക്കാൻ പാകത്തിനുപോലും അടുത്തൊന്നും ഒരു മനുഷ്യക്കുഞ്ഞുമില്ല. കാറ്റിൽ റബ്ബർ ഇലകൾ മർമ്മരം പൊഴിക്കുമ്പോൾ മാഷിന് തോന്നി ഇനിയിപ്പോ ഇവിടെയുള്ളവരോട് സെൻസസ് ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമോ എന്ന്! ഭയം കാരണം മാഷിന്റെ കാൽമുട്ടുകൾ ഇടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു മരത്തിന്റെ മുകളിൽ നിന്ന് ഒരു മൂങ്ങ കുറുകിയതും മാഷിന്റെ ജീവൻ പാതി പോയി. 'എങ്ങനെയെങ്കിലും എന്നെ കാത്തോണേ...' എന്ന് പ്രാർത്ഥിച്ച് കണ്ണുംപൂട്ടി ആഞ്ഞു നടന്ന് എങ്ങനെയൊക്കെയോ അവിടം കടന്ന് മാഷ് താഴേക്കിറങ്ങി.

അങ്ങനെ ഒരുവിധം കഷ്ടപ്പെട്ട് സെൻസസ് ഡ്യൂട്ടിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാഷ് ഓഫീസിൽ തിരിച്ചെത്തി. സഹപ്രവർത്തകർ ചോദിച്ചു: 'എങ്ങനെയുണ്ടായിരുന്നു മാഷേ, അനുഭവം? അടുത്ത ഘട്ടത്തിന് പോകുന്നവർക്ക് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ?'
മാഷ് കസേരയിലേക്ക് തളർന്നിരുന്ന്, വേദനിക്കുന്ന കാലുകൾ തടവിക്കൊണ്ട് ഗൗരവത്തിൽ പറഞ്ഞു: 'സെൻസസ് ഡ്യൂട്ടിക്ക് പോകുന്നവർക്ക് ഗവൺമെന്റ് പേനയും ബുക്കും മാത്രം തന്നാൽ പോരാ. പകരം ഇനിപ്പറയുന്ന നാല് സാധനങ്ങൾ അടങ്ങിയ ഒരു സ്‌പെഷ്യൽ കിറ്റ് നിർബന്ധമായും നൽകണം. ഒന്ന്, ഒരു ഉറപ്പുള്ള വടി, വഴിയിലെ പട്ടികളെ ഓടിക്കാനും, കുത്തനെയുള്ള കയറ്റം കയറുമ്പോൾ കുത്തിപ്പിടിച്ച് നടക്കാനും ഇത് അത്യന്താപേക്ഷിതമാണ്. രണ്ട്, നല്ലൊരു വെട്ടുകത്തി. കാടും പടലും വെട്ടിത്തെളിച്ച് വീടുകളിലേക്ക് വഴിയുണ്ടാക്കാൻ ഇത് വേണം. മൂന്ന്, തേച്ചുകുളിക്കാൻ നല്ല കുഴമ്പ്; ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ശരീരത്തിലെ സകല സന്ധിബന്ധങ്ങൾക്കും ജീവൻ വെപ്പിക്കാൻ ഇത് കൂടിയേ തീരൂ. നാല്, വേദനസംഹാരികൾ. രാത്രി കിടക്കുമ്പോൾ നടുവിനും കാലിനും വരുന്ന പെരുപ്പിന് കഴിക്കാൻ ഒരു സ്ട്രിപ്പ് ഗുളികകൾ കൈയിൽ കരുതണം.' മാഷിന്റെ ഈ അനുഭവക്കുറിപ്പ് കേട്ട് ഓഫീസിലിരുന്ന ബാക്കി അധ്യാപകർ അടുത്ത ഘട്ടത്തിന് എങ്ങനെ മെഡിക്കൽ ലീവെടുക്കാം എന്നതിനെക്കുറിച്ച് തീവ്രമായി ആലോചിക്കാൻ തുടങ്ങി!

അപ്പോൾ താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടർ അടുത്ത ഘട്ടത്തിലുള്ളവർക്ക് പണി കൊടുക്കാനുള്ള വെപ്രാളത്തിലായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.